2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഇനിയുമെനിക്കായി... ഹാരിസ് ഉള്ളിയേരി


ഇനിയുമൊരു  പുലരി  കൂടി  ബാക്കിയുണ്ടെങ്കിൽ  അധരത്തിൻ  നനവിനാൽ  ഉണരണമെനിക്ക് ..
ഇനിയുമൊരു  പകൽ  കൂടി  
വെയിൽ  പൂക്കുന്നേരം  പ്രണയത്തിൻ   ചൂടിനാൽ  ഉരുകണമെനിക്ക് ..
ഇനിയുമൊരു  സന്ധ്യ   കൂടി  ചോപ്പണിഞ്ഞെങ്കിൽ  വിരഹത്തിൻ  അസ്ഥിതറയിലൊരു  തിരി  വെക്കണമെനിക്ക് ..
ഇനിയുമൊരു  പാതിരയിൽ
നിലാവ്  വീഴുമ്പോൾ
മരുക്കാറ്റ്  തെല്ലൊന്നു  തണുത്ത്  വീശുമ്പോൾ...
സ്വപ്‌നങ്ങൾ  പൂക്കുന്ന  താഴ്വരകളിൽ 
എന്റെ  ആത്മാവിനെ
നിന്നെ  പ്രണയിക്കുവനായി അയക്കണമെനിക്ക് ..

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഡിസംബര്‍ - ഹാരിസ് ഉളളിയേരി



ഡിസംബർ - ഹാരിസ്  ഉള്ളിയേരി 

ശിശിരം ഇലപൊഴിച്ചിടുമ്പോള്‍
പതിയെ അരികിലണയുന്നത്‌
ഒരു തണുത്ത സ്പര്‍ശമായ്
അറിയുന്നു നിന്നെ പ്രിയ ഡിസംബര്‍


കൊതിച്ചിരുന്നതെന്തോ നേടിയതും
ഉള്ളിലൊരു വിങ്ങലായ് നിറഞ്ഞു
ഏറെ നൊമ്പരം തന്നകന്നുപോയതും
നിന്റെ പുലരികളിലായിരുന്നു ഡിസംബര്‍


രാവും പ്രഭാതവും ഇളവെയിലും
മഞ്ഞിന്‍ കരിമ്പടം കൊണ്ട് മൂടി
പൂവിതള്‍ തുമ്പിലൊരു നീഹാരമായ്
കുളിരോടെ പുല്‍കി നിന്നു ഡിസംബര്‍


നഷ്ടസ്വപ്നങ്ങള്‍ തണുത്തുറഞ്ഞു
പതിയെ അകലുവാന്‍ മോഹിച്ചു നീ
മഞ്ഞില്‍ കുതിര്‍ന്ന നക്ഷത്രകുഞ്ഞുപോലൊ-
രിലഞ്ഞി പൂവിനെ എനിക്കായ് തന്നതും
നിന്റെ ശിശിരമായിരുന്നു ഡിസംബര്‍


നിലാവുതിര്‍ന്നപ്പോള്‍ നിന്റെ നനുത്ത
കൈകളാല്‍ തഴുകി ഉറക്കിയതും
മൌനം കനത്തു നിദ്ര തിരഞ്ഞു
കൂര്‍ത്ത തണുപ്പില്‍ ഹൃദയതപത്തിനാല്‍
തീ കായുവാനിരുന്നതും നിന്റെ
രാവുകളിലായിരുന്നു ഡിസംബര്‍


വിടപറയാന്‍ മടിക്കുന്ന ഡിസംബര്‍
നീ പ്രണയമോ പ്രഹേളികയോ
വെറും തണുപ്പോ സിരകളിലെ ചൂടോ
എന്ത് പേര് ചൊല്ലി വിളിച്ചാലും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
പ്രിയപ്പെട്ട ഡിസംബര്‍


2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

ഭ്രാന്ത്

ഒരു ഘടികാര സൂചി
ഇടത്തോട്ട് തിരിയുന്നു
തെരുവില്‍ ഒരു ഉത്തരാധുനിക
ഭ്രാന്തന്റെ അലര്‍ച്ച
ഒരു ‘ഷിസോഫ്രെനിക്’
എന്ന് ചൊല്ലി എന്നെ
ഭ്രാന്താലയത്തില്‍ അടയ്ക്കുക
അല്ലെങ്കില്‍ ‘മാനിയാക്’
എന്ന് മുദ്ര കുത്തി
എന്നെ എന്റെ ലോകത്തില്‍
ജീവിക്കാന്‍ വിടുക
താതന്‍റെ പ്രജ്ഞയില്‍ പോലും
കാമത്തിന്‍ വിഷ ചിന്ത
നിറയുന്നുണ്ടിവിടെ
പൊയ്മുഖങ്ങള്‍
എന്നില്‍ നിന്നും
അകന്നു പൊയ്ക്കൊള്ളുക
സിരകളില്‍ ഉന്മാദം
കുടിച്ചെനിക്ക് ലഹരിയില്‍
അലിയണം

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

വിരഹം - ഹാരിസ് ഉളളിയേരി

 
 വിരഹം - ഹാരിസ്  ഉള്ളിയേരി 
എന്ത് വിരസമാന്നെന്നോ
നീയില്ലാത്ത ദിനങ്ങള്‍...
നിന്റെ സ്നേഹമായിരുന്നു
എന്റെ സന്തോഷം...
നിന്റെ പുഞ്ചിരിയായിരുന്നു
എന്റെ നിലാവ്...
നിന്റെ തലോടലുകളായിരുന്നു
എന്റെ സ്വാന്തനം....
നിന്റെ കൂട്ടായിരുന്നു
എന്റെ പൂക്കാലം..
നിന്റെ കണ്ണുനീര്‍
എനിക്ക് പേമാരി ആയിരുന്നു...
നിന്റെ കൊച്ചു ദുഃഖങ്ങള്‍ പോലും
എന്നില്‍ സങ്കട കടലായിരുന്നല്ലോ...
നിന്റെ ഹൃദയമിടുപ്പുകളായിരുന്നു
എന്റെ ആത്മരാഗത്തിന് താളമിട്ടത്...
നിന്റെ നിശ്വാസങ്ങള്‍
എന്നിലെ അഗ്നിയായിരുന്നു...
നിന്റെ പിണക്കങ്ങള്‍
എന്നില്‍ കാര്‍മേഘമായി കനക്കുമായിരുന്നു....
ഇന്ന് നിന്റെ അസാനിദ്ധ്യം
എന്നില്‍ ശൂന്യത തീര്‍ക്കുന്നു...

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

പറയാതെ പോയ പ്രണയം

അന്നും അവള്‍ ആ ചില്ല് ജാലകതിനരികില്‍ വന്നിരുന്നു...എന്നത്തേയും പോലെ.. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകം നോക്കി പഠിക്കുന്ന എന്നെ നോക്കി നിന്നിരുന്നു...
അവളുടെ മുറിയിലെ വൈദ്യുതി വിളക്കിന്റെ പ്രകാശത്തില്‍ എനിക്കവളെ ഒരു നിഴലുപോലെ കാണാമായിരുന്നു...
എന്നും കാണാറുണ്ടായിരുന്നു... ഒന്നും ഉരിയാടിയില്ല..
ഒരു ദിനം നീ എനിക്ക് കൈമാറിയ പുസ്തകത്തില്‍ നിന്റെയം കൂട്ടുകാരുടെയും ഒരു വര്‍ണ്ണ ചിത്രമുണ്ടായിരുന്നു... മറന്നു വെച്ചതല്ല.. മനപൂര്‍വമാണെന്നറിയാം..
എങ്കിലും ഒരു നേര്‍ത്ത ചിരിയല്ലാതെ ഒന്നും ഉരിയാടിയില്ലല്ലോ... ഇഷ്ടമാണെങ്കിലും മനസുകള്‍ കൈ മാറിയില്ലല്ലോ.ഒരു നേര്‍ത്ത സ്പര്‍ശം പോലും നമുക്ക്കിടയില്ലായിരുന്നല്ലോ...ഇതാണോ പവിത്രമായ പ്രണയം....
കണ്ടു മുട്ടുമ്പോഴെല്ലാം മനസ് എന്തിനോ വേണ്ടി തേങ്ങിയിരുന്നില്ലേ....പറയാന്‍ കൊതിച്ചതെന്തേ.. പറയാതെ പോയി നീ... കൂട്ടുകാര്‍ക്കെല്ലാം അറിയാമയിരുന്നില്ലേ..എങ്കിലും ഞാന്‍ മാത്രം അറിഞ്ഞിരുന്നില്ലല്ലോ.. അവസാനം കല്യാണം നിശ്ചയിച്ചപ്പോ നീ എന്നെ കുറ്റപ്പെടുത്തി....
അവനൊരു വാക്കെങ്കിലും പറഞ്ഞിരുന്നെങ്കില്‍....
അപ്പോഴേക്കും വൈകിപ്പോയിരുന്നല്ലോ....നിന്നെ മറ്റൊരുത്തന് വേണ്ടി നിശ്ചയിചില്ലേ.
അന്നും ഞാന്‍ നിന്റെ നന്മ കൊതിച്ചു...എന്റെ കുടിലിലേക്ക് നിന്നെ ഞാന്‍ കൈപിടിക്കാതെ എന്റെ പ്രണയം ഞാന്‍ എന്നിലൊതുക്കി....ഇന്ന് നീ സന്തോഷിക്കുന്നുണ്ടാവും...ഞാന്‍ ആ ഒരു വാക്ക് പറയാഞ്ഞതില്‍....
എങ്കിലും നീ എന്റെ പറയാതെ പോയ പ്രണയമാണ്......

നാം അന്യര്‍ തന്നെ - ഹാരിസ് ഉളളിയേരി


നാം അന്യർ തന്നെ..

ഹാരിസ് ഉള്ളിയേരി 
*****************************

പ്രണയം കൊണ്ട് നിന്നില്‍
കവിത വിരിയുമെങ്കില്‍
നീ എന്നെ പ്രണയിച്ചോളൂ...
കാല്പനികതയുടെ സകല തലങ്ങളിലേക്കും
നമുക്ക് യാത്ര പോകാം...

നിലാവില്‍ മേഘങ്ങളുടെ അരികു ചേര്‍ന്ന്
മിന്നാ മിന്നികളായി പ്രഭ ചൊരിഞ്ഞു ...
ആകാശത്തിന്റെ നിഗൂഡ
നീലിമയിലേക്ക് പറന്നകലാം..

ഇണ നക്ഷത്രങ്ങളായി വിണ്ണില്‍ നിന്നും
മണ്ണിനെ നോക്കി നൃത്തമാടാം..
നിന്റെ വാടിയില്‍ പൂവിരിയുമ്പോള്‍
നിന്റെ പ്രണയമായ്
എനിക്ക് സമ്മാനിച്ചോളൂ....

എങ്കിലും നമ്മള്‍ സ്വത്വം മറക്കരുത്
ബന്ധങ്ങളാല്‍ നാം ബന്ധനസ്ഥരാണ്
കനമേറിയ ചങ്ങലകള്‍
പൊട്ടിച്ചെറിയാന്‍ നമുക്കാവില്ല
നാം അന്യര്‍ തന്നെ....

2013, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ഞാൻ... ഹാരിസ് ഉളളിയേരി

ഞാൻ

ഹാരിസ് ഉള്ളിയേരി
*************************

നീ എന്ന നിന്നിലെ
നിഷ്കളങ്കതക്ക് മേല്‍
ഞാന്‍ എന്ന എന്നിലെ കപടത
എന്നും ജയിക്കാന്‍ വേണ്ടി
പൊരുതി കൊണ്ടിരുന്നു...
അതിനായി ഞാന്‍ മാന്യതയുടെ
മുഖം മൂടി എടുത്തണിഞ്ഞു...
മുഖത്ത് ചായം തേച്ചു
പല വര്‍ണ്ണചിത്രങ്ങള്‍
നിനക്ക് മുന്നില്‍ നിരത്തി....
വാചാലത കൊണ്ട് പുകമറ തീര്‍ത്തു .....
എങ്കിലും എന്നിലെ കപടതയുടെ
കരിനാഗം നിന്നെ ആഞ്ഞു കൊത്താന്‍
തക്കം പാര്‍ത്തിരിക്കുന്നു.....